എടക്കര: നാടുകാണി ചുരം വഴി അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള എംഡിഎംഎ, കഞ്ചാവ്, പാന്‍മസാല തുടങ്ങിയ ലഹരിവസ്തുക്കളുടെ ഒഴുക്കും നികുതി വെട്ടിപ്പും തടയാന്‍ വഴിക്കടവ് ആനമറിയില്‍ സ്മാര്‍ട്ട് സംയുക്ത ചെക്ക്പോസ്റ്റ് കോംപ്ലക്സ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം.
2008-09 കാലഘട്ടത്തില്‍ എം.സി. മോഹന്‍ദാസ് ജില്ലാ കളക്ടറായിരിക്കെയാണ് വിവിധ വകുപ്പുകളുടെ ചെക്ക്പോസ്റ്റുകള്‍ ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന ആശയം ഉയര്‍ന്നുവന്നത്. ഇതിനായി നിലവിലെ ചെക്ക്പോസ്റ്റുകള്‍ക്ക് മുകളിലായി 50 സെന്റ് ഭൂമി വിട്ടുനല്‍കാമെന്ന് വനംവകുപ്പ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലഹരി മാഫിയകളുടെ സമ്മര്‍ദവും ചില ഉദ്യോഗസ്ഥരുടെ അണിയറ നീക്കങ്ങളും കാരണം പദ്ധതി തടസപ്പെടുകയായിരുന്നു.
നിലവില്‍ ആര്‍ടിഒ, വനം, എക്സൈസ്, പോലീസ്, വാണിജ്യ നികുതി, മൃഗസംരക്ഷണം തുടങ്ങി അഞ്ചിലധികം വകുപ്പുകളുടെ ചെക്ക്പോസ്റ്റുകളാണ് ആനമറിയില്‍ വെവ്വേറെ പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് പകരം പോലീസ്, ജിഎസ്ടി, റവന്യു, മോട്ടോര്‍ വാഹനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് എഎന്‍പിആര്‍ കാമറകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് എന്‍ഫോഴ്സ്മെന്റ് കേന്ദ്രമാണ് സ്ഥാപിക്കേണ്ടത്.
വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിടുന്ന പഴയ രീതിക്ക് പകരം, ഡിജിറ്റല്‍ ഡാറ്റാ സംവിധാനത്തിലൂടെ വാഹനങ്ങള്‍ തിരിച്ചറിഞ്ഞ് സംശയകരമായവ മാത്രം ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിക്കുന്ന രീതിയാണിത്. ഇത് നടപ്പാകുന്നതോടെ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകുന്ന അനാവശ്യ സമയനഷ്ടവും യാത്രാതടസങ്ങളും ഒഴിവാകുന്നതിനൊപ്പം സുരക്ഷ, ഭക്ഷ്യസുരക്ഷ, നികുതി, റോഡ് സുരക്ഷ എന്നീ മേഖലകളില്‍ സംസ്ഥാനത്തിന് ഗണ്യമായ വരുമാനവര്‍ധനവ് ഉണ്ടാകുകയും ചെയ്യും.